February 24, 2013

ചരിത്രപഥങ്ങളിലൂടെ..



അവരോട് പറയുക: 'ഭൂമിയില്‍ സഞ്ചരിക്കുവാന്‍, എന്നിട്ട് തള്ളിപറയുന്നവരുടെ  പരിണിതി എന്തായിരുന്നു എന്ന് നോക്കുവിന്‍' (ഖുര്‍ആന്‍ 6:11).

ഒന്നാം ദിവസം

ഫെബ്രുവരി 14 ന് ഉച്ചക്ക് ഒന്നരക്ക് റാഷിദ്‌ ഖാന്‍, റൗഫ്‌, ഇംതിയാസ്‌ എന്നീ 3 “മാധ്യമ” സുഹൃത്തുക്കളുമായി റിയാദില്‍ നിന്നും ഞാന്‍ പുറപെട്ടു. അഖീഖ എന്ന സ്ഥലത്ത് നിന്നും, സൌദിയുടെ തനത് രുചിയായ 'ചിക്കന്‍ മന്തി'യും കഴിച്ച്, സുല്‍ഫി, മജ്മ തുടങ്ങിയ സ്ഥലങ്ങള്‍ പിന്നിട്ട് ബുറൈദയില്‍ എത്തി. ഖസീം പ്രവിശ്യയുടെ തലസ്ഥാനമായ ബുറൈദയുടെ പ്രധാന നഗരിയായ ഉനൈസയില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ മനസ്സില്‍ ഉമറുല്‍ ഖൈസിന്‍റെ ഓര്‍മ്മകള്‍ നിറഞ്ഞു നിന്നു.  

സൗദി കവിതയുടെ പിതാവ് എന്നറിയപെടുന്ന  'ഉമറുല്‍ ഖൈസാ'ണ് 7 ഘണ്ടകാവ്യങ്ങളില്‍ ഒന്നായ "ഘസീത" രചിചത്. ആ ഉമറുല്‍ ഖൈസിന്‍റെ പ്രണയിനി ആയിരുന്ന ഉനൈസയുടെ പേരിലാണ് ആ നഗരം ഇന്നും അറിയപെടുന്നത്. ഓരോ സ്ഥലത്ത് എത്തുമ്പോഴും, അവിടത്തെ പ്രത്യേകതകളെ കുറിച്ച് വിശദീകരിക്കാന്‍ റാഷിദ്‌ ഖാന്‍ മറന്നിരുന്നില്ല. അവിടെ നിന്നും ഞങ്ങളുടെ അടുത്ത ലക്‌ഷ്യമായ ഹൈലിലേക് തിരിച്ചു.  യാത്രയില്‍ ഉടനീളം ഇരുണ്ടു കിടക്കുന്ന മരുഭൂമികള്‍ മാത്രം, ഇടക്കിടക്ക് ചീറിപാഞ്ഞ്‌ പോകുന്ന വണ്ടികളും ഉണ്ട്. നൂറ് കിലോമീറ്ററോളം സഞ്ചരിചപ്പോഴാണ് ഒരു പെട്രോള്‍ പമ്പ് കണ്ടത്. അവിടെ നിന്നും പെട്രോളും നിറച്ച് ഏകദേശം 35കിലോമീറ്ററോളം സഞ്ചരിച്ച് ഞങ്ങള്‍ ഹൈലില്‍ എത്തി. 
പ്രകാശപൂരിതമായ ഒരു മനോഹര നഗരം - ഹൈല്‍. ചെറിയ ചെറിയ കുന്നുകളും അതില്‍ ആലേഖനം ചെയ്തിരിക്കുന്ന ഖുറാന്‍ സൂക്തങ്ങളും, ഹൈലിനെ കൂടുതല്‍ മനോഹരിയാക്കി. ഇടക്കിടക്ക് ശിലപങ്ങളാല്‍ അലങ്കൃതമായ റൌണ്ട്-അബൌടുകള്‍ കണ്ടുകൊണ്ടിരുന്നു. സൌദ്‌ കുടുംബത്തിനു മുന്‍പ്, അറേബ്യയുടെ ഭരണാധികാരികളായ റാഷിദി കുടുംബം ഇവിടെയായിരുന്നു വസിച്ചിരുന്നത്. അവരുടെ കോട്ടയും പള്ളിയും ഹൈല്‍ നഗരത്തിന്‍റെ നടുവില്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. 
അവിടെ ഞങ്ങളെ കാത്ത് ബഷീര്‍, കരീം, ഹനീഫ എന്നീ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരോടൊപ്പം ഭക്ഷണവും കഴിച്ച്, ഞങ്ങള്‍ അടുത്ത ദിവസത്തെ പരിപാടികള്‍ തീരുമാനിച്ചു. യാത്രാക്ഷീണം ഞങ്ങളെ വളരെ വേഗം ഉറക്കത്തിലേക്ക് നയിച്ചു.. അങ്ങനെ യാത്രയുടെ ആദ്യ ദിനം സന്തോഷപൂര്‍വ്വം അവസാനിച്ചു.
രണ്ടാം ദിവസം

അതിരാവിലെ എഴുന്നേറ്റു നമസ്കാരത്തിനായി അടുത്തുള്ള പള്ളിയില്‍ പോയി. ശേഷം കുളിയൊക്കെ കഴിഞ്ഞു അടുത്ത യാത്രക്ക് തയ്യറായി. വെള്ളത്തിന്‌ നല്ല തണുപ്പ്. 7:30 ന് യാത്ര ആരംഭിച്ചു. 400 കിലോമീറ്റര്‍ അകലെ ഉള്ള 'അല്‍-ഉല' എന്ന സ്ഥലം ആണ് ലക്‌ഷ്യം. പ്രഭാതത്തില്‍ ഉണര്‍ന്നു വരുന്ന ഹൈല്‍ നഗരത്തിന്‍റെ ഭംഗി ആസ്വദിച്ച് നഗരത്തിലൂടെ ഒരു പ്രദക്ഷിണം നടത്തി യാത്ര ആരംഭിച്ചു. വീണ്ടും മുന്നില്‍ ഒറ്റവരി പാത പ്രത്യക്ഷപെട്ടു. റോഡിന്‍റെ വലതു ഭാഗത്ത് ചിട്ടയായി അടുക്കി വെച്ചിരിക്കുന്ന കുന്നുകള്‍, ഇടതു ഭാഗത്ത് നീണ്ടു കിടക്കുന്ന മരുഭൂമിയും. മരുഭൂമിയുടെ അങ്ങേ അറ്റത്ത് കുന്നുകള്‍ ചെറുതായി പ്രത്യക്ഷപെട്ട് തുടങ്ങി. അതിമനോഹരമായ പാത. അതിലൂടെ ചീറിപാഞ്ഞു പോകുന്ന വണ്ടികള്‍. പുറത്തെ കാഴ്ചകള്‍ കാണാനെന്നവണ്ണം  വണ്ടിയില്‍ നിന്നും ഒട്ടകങ്ങള്‍ തലഉയര്‍ത്തി നോക്കുന്നുണ്ടായിരുന്നു.

അല്‍-ഉല എത്തിയപ്പോ ചെറിയ ഗ്രാമങ്ങള്‍ കണ്ടു തുടങ്ങി. ഇരു വശങ്ങളിലും കൃഷി ഇടങ്ങള്‍. ഇന്തപനകളും ഓറഞ്ചുമാണ് പ്രധാന കൃഷി. എന്നാല്‍ വെള്ളിയാഴ്ച്ച ആയതിനാലാവണം വഴിയില്‍ ആരെയും കാണാന്‍ ഇല്ല. പിന്നീട് പള്ളിയില്‍ പോയി ജുമാ നമസ്കരിച്ചു. പണ്ട് തബുക് യുദ്ധത്തിനായി പുറപെട്ട പ്രവാചകന്‍ മുഹമ്മദ്‌ (സ. അ) അല്‍-ഉല വഴിയാണ് കടന്നു പോയത്. അല്‍-ഉല പണ്ട് 'ദെദാന്‍' എന്നാണ് അറിയപെട്ടിരുന്നത്. ബാബിലോണിയ, നെബത്തിയ, റോമ തുടങ്ങിയ പല രാജവംശങ്ങളും ഇവിടം ഭരിച്ചിരുന്നു. ഭരണാധികാരികള്‍ എല്ലാവരും അല്‍-ഉലയെ താങ്കളുടെ രാജ്യത്തിന്‍റെ പ്രധാന നഗരമായി തന്നെ കണ്ടിരുന്നു എന്ന് ചരിത്രം വ്യക്തമാക്കുന്നു. 

അടുത്ത ലക്‌ഷ്യം 'യുനസ്കോ' അംഗീകരിച്ച സൗദി അറേബ്യയിലെ 'ലോക പൈതൃക പട്ടികയില്‍' സ്ഥാനം നേടിയ ആദ്യ സ്ഥലമായ 'മദായിന്‍ സ്വാലിഹി' ലേക്കാണ്. സ്വാലിഹ് നബിയുടെ സമൂഹം ജീവിച്ചിരുന്നത് എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന സ്ഥലമാണ് ഇത്. ബിംബാരാധകരായിരുന്ന ആ സമൂഹത്തെ അള്ളാഹു ഭൂമികുലുക്കം കൊണ്ടും, ഇടിമുഴക്കങ്ങള്‍ കൊണ്ടും നശിപ്പിച്ചു കളഞ്ഞതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. 2 മണിയോടെ അവിടെ എത്തിയെങ്കിലും പ്രവേശനം 3 മണിക്കേ തുടങ്ങു എന്നറിഞ്ഞ ഞങ്ങള്‍, അതിനോടു ചെര്‍ന്നുള്ള ഒരു ചെറിയ ഗ്രാമത്തിലേക്ക് പൊയി. ഒരു ആശുപത്രിയും 2-3 കടകളും മാത്രമുള്ള ആ ഗ്രാമം മുഴുവന്‍ പച്ചപ്പ്‌ നിറഞ്ഞ തോട്ടങ്ങളാല്‍ അലങ്ക്രിതമായിരുന്നു. പാലക്കാട് ജില്ലയിലൂടെ കാറില്‍ പോകുന്ന ഒരു പ്രതീതി ഉളവാക്കുന്നതായിരുന്നു ആ ഗ്രാമത്തിലൂടെ ഉള്ള യാത്ര. അവിടെ നിന്നും മടങ്ങും വഴി കുറച്ചു സമയം വഴിയോരെ കച്ചവടക്കാരനായ ഒരു സൗദി സ്വദേശിയൊടൊപ്പം ചിലവൊഴിച്ച്  കുറച്ചു വിവരങ്ങള്‍ ശേഖരിക്കാനും ഞങ്ങള്‍ മറന്നില്ല. 

മുന്‍‌കൂര്‍ പ്രവേശനാനുവാദം വാങ്ങിയിരുന്നതിനാല്‍ സുഗമമായി മദായിന്‍ സ്വാലിഹില്‍ കയറാന്‍ സാധിച്ചു. മാധ്യമ പ്രവര്‍ത്തകരാണെന്ന് അറിഞ്ഞ സെക്യൂരിറ്റി ഓഫീസര്‍ ഞങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. ആദ്യം കാണുന്നത് 'ഹിജാസ് റെയില്‍വേ' ആണ്. 1900-08 കാലയളവില്‍ ആരംഭിച്ച റെയില്‍വേ ദമാസ്കസിനെയും മദീനയും ബന്ധിപ്പിചിരുന്നു. ഹജ്ജ് തീര്‍ത്ഥാടനത്തിനായി ദമാസ്കസില്‍ നിന്നും മക്കയിലേക്ക് ആരംഭിച്ച റെയില്‍, ഒന്നാം ലോകയുദ്ധത്തെ തുടര്‍ന്ന് മദീന എത്തിയപ്പോള്‍ നിര്‍ത്തുകയായിരുന്നു. തടിയില്‍ തീര്‍ത്ത ബോഗികളോട് കൂടിയ ഒരു ട്രെയിനും കുറച്ചു ദൂരം നീണ്ടു കിടക്കുന്ന പാളങ്ങളും ഇന്നും അവിടെ സൂക്ഷിച്ചിരിക്കുന്നു. അതോടൊപ്പം ഒരു റെയില്‍വേ മ്യുസിയം ഒരുക്കിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അന്നേ ദിവസം അത് തുറന്നിരുന്നില്ല. ട്രെയിനില്‍ കയറി പഴയകാല യാത്രയെ അനുസ്മരിച്ചതിനു ശേഷം, വീണ്ടും ഞങ്ങള്‍ യാത്ര തുടര്‍ന്നു. 

പതിമൂന്നര കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന പാറകൂട്ടങ്ങള്‍ തുറന്നു ഉണ്ടാക്കിയ വീടുകളാണ് അവിടത്തെ പ്രഥാന അകര്‍ഷണം. ചെറുതും വലുതുമായ 130 ഓളം പാറകള്‍ നമുക്ക് ഈ മരുഭൂമിയില്‍ കാണാന്‍ സാധിക്കും. അതില്‍ കൊത്തിയുണ്ടാക്കിയ ചെറുതും വലുതുമായ വീടുകളും, കല്ലറകളും, കിണറുകളും ആ സമൂഹത്തിന്‍റെ വാസ്തു ശില്പ നിര്‍മാണവൈധക്ത്യം വിളിച്ചോതുന്നു. എല്ലാ വീടിന്‍റെയും മുന്‍ഭാഗം ഒരേ പോലെ കാണപെട്ടു. എല്ലാ വീടിന്‍റെ മുന്നിലും കഴുകന്‍റെയും, സിംഹത്തിന്‍റെയും,  മനുഷ്യരുടെയും ബിംബങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. ഒറ്റ പാറയില്‍ തീര്‍ത്ത 15 ഓളം വീടുകള്‍ ഒരു ഗോത്രത്തിനായി മാത്രം ഉപയോഗിച്ചിരുന്നതായിരുന്നു. മറ്റൊരു ഭാഗത്ത് ഒരു സമ്മേളന സ്ഥലവും, അവരുടെ പ്രാര്‍ത്ഥന സ്ഥലവും കാണപെട്ടു. ഒരുപാട് പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം വലിപ്പമുള്ള ആ സമ്മേളന സ്ഥലവും പാറയില്‍ തന്നെയാണ് കൊത്തി എടുത്തിരിക്കുന്നത്. എല്ലാത്തിനെയും പറ്റിയുള്ള വിശദമായ രേഖകള്‍ അതിനോട് ചേര്‍ന്ന് തന്നെ എഴുതി വെച്ചിരിക്കുന്നു. അത് നിര്‍മിച്ച ആളുടെ പേരും, അതിന്‍റെ ഉദ്ദേശവും, നിര്‍മിച്ച വര്‍ഷവും, നിര്‍മിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളെയും കുറിച്ചും മറ്റും അതില്‍ കുറിച്ചിരുന്നത് സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനകരമാണ്. 

പിന്നീടു ചെന്നത് അവിടെ ഉപയോഗിച്ചിരുന്ന ഒരു കിണര്‍ കാണാനാണ്. അവിടെ 60 ഓളം കിണറുകള്‍ ഉണ്ടായിരുന്നു എന്നും, എന്നാല്‍ ഇപ്പോള്‍ ഒരെണ്ണം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നും അവിടെ ന്നിന്നു അറിയാന്‍ സാധിച്ചു. നല്ല താഴ്ചയുള്ള ആ കിണറിനുള്ളില്‍ നിന്നും മറ്റു കിണറുകളിലേക്ക് വെള്ളം കൊണ്ടുപോകാനായി ഒരു തുറന്ന പാത ഉണ്ടായിരുന്നതായും കണ്ടു. പിന്നീട് അവിടെ മുഴുവന്‍ ചുറ്റികറങ്ങി 5 മണിയോട് കൂടി അവിടെ നിന്നും ഇറങ്ങി. 

(ഖുര്‍ആന്‍ : പണ്ട് ബിംബാരാധകരായിരുന്ന ഒരു സമൂഹം ജീവിച്ചിരുന്ന സ്ഥലം ആണിത്. അവരുടെ ഈ സത്യ നിഷേധത്തെ തിരിത്തുവാനായി അള്ളാഹു അയച്ച പ്രവാചകന്‍ ആണ് സ്വാലിഹ് നബി. എന്നാല്‍ അവര്‍ അദ്ദേഹത്തെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. അദ്ദേഹത്തോട് താന്‍ പ്രവാചകനാണ് എന്ന് തെളിയിക്കാനുള്ള ഒരു ദ്രിഷ്ടാന്തം അവിശ്യപെട്ട അവരുടെ മുന്നിലേക്ക് അള്ളാഹു ഒരു കൂറ്റന്‍ ഒട്ടകത്തെ അയച്ചു. എന്നാല്‍ അത് അവര്‍ക്ക് തന്നെ വിനയായി. ആ കൂറ്റന്‍ ഒട്ടകം അവരുടെ മാറ്റ് ഒട്ടകങ്ങള്‍ക്ക് കുടിക്കുവാനുള്ള വെള്ളം കൂടി കുടിച്ചു വറ്റിച്ചു. അങ്ങനെ  അവര്‍ ആ ഒട്ടകത്തെ കൊല്ലുകയും ചെയ്തു. അപ്പോഴേക്കും സ്വലിഹ് നബിയും കൂട്ടരും അവിടെ നിന്നും മറ്റൊരിടത്തേക്ക് മാറുകയും അള്ളാഹു ആ സമൂഹത്തെ ഭൂമികുലുക്കം കൊണ്ടും, ഇടിമുഴക്കങ്ങള്‍ കൊണ്ടും നശിപ്പിച്ചു കളയുകയും ആയിരുന്നു. )

അവിടെ നിന്നും ഞങ്ങള്‍ അടുത്ത ലക്ഷ്യമായ തബൂക്കിലേക്ക് യാത്ര തിരിച്ചു. 280 കിലോമീറ്റര്‍ ഒറ്റവരി പാതയിലൂടെ സഞ്ചരിച് 9:30 ന് ഞങ്ങള്‍ തബൂകില്‍ എത്തിച്ചേര്‍ന്നു. അവിടെ ഞങ്ങളെ കാത്ത് സക്കീര്‍ എന്ന സുഹൃത്ത് ഉണ്ടായിരുന്നു. അദ്ദേഹം ഹത്തോടൊപ്പം  'റോയല്‍ ടവര്‍' ഹോട്ടലില്‍ ഞങ്ങള്‍ക്കായി ഒരുക്കിയിരുന്ന റൂമില്‍ എത്തി. അപ്പോഴേക്കും ഞങ്ങളെ തേടി മറ്റൊരു സുഹൃത്തായ സിറാജ് എറണാകുളം വന്നു. അദ്ദേഹത്തോടൊപ്പം തബൂക് സിറ്റിയിലുള്ള 2-3 സ്ഥലങ്ങള്‍ കണ്ടു. മദായിന്‍ സ്വാലിഹില്‍ കണ്ട  ഹിജാസ് റെയില്‍വേയുടെ മറ്റൊരു സ്റ്റേഷനും അവിടെ കാണാന്‍ സാധിച്ചു. അവിടെ കണ്ട സ്റ്റേഷന്‍ ഇങ്ങോട്ട് പറിച്ചു നട്ടത് പോലെയുള്ള സാമ്യം ഇവിടെയും കണ്ടു. ഇസ്ലാമിക ചരിത്രത്തിലെ മറ്റൊരു പ്രധാന സംഭവം ആയ തബൂക് യുദ്ധത്തിനായി എത്തിയ  പ്രവാചകന്‍ മുഹമ്മദ്‌ (സ. അ) താമസിച്ചു നമസ്കരിച്ച പള്ളിയായിരുന്നു മറ്റൊരു ആകര്‍ഷണം. ഇന്നും അവിടെ പ്രാര്‍ത്ഥനകള്‍ നടക്കുന്നു എന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് അത്ഭുതം തോന്നി. പിന്നീടു ചെന്നത് പഴയ റോമന്‍ സാമ്രാജ്യത്തിന്‍റെ ഒരു കോട്ടയും അതിനോട് ചേര്‍ന്ന് കാണാന്‍ സാധിച്ചു. 

നാളെ പോകാനുള്ള സ്ഥലങ്ങളെയും വഴികളെയും മറ്റും ഉള്ള ഒരു വ്യക്തമായ ചിത്രം സിറാജ് തന്നു. അതിനു ശേഷം കേരള ഹോട്ടലില്‍ നിന്നും കപ്പയും മീനും കഴിച്ചു റൂമില്‍ എത്തി സുഗമായി ഉറങ്ങി. 

മൂനാം ദിവസം
    
രാവിലെ 8:30 യാത്ര ആരംഭിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ഫാമുകളില്‍ ഒന്നായ 'അസ്ട്ര ഫാം' ആണ് ആദ്യ ലക്‌ഷ്യം. പൂവുകളെ കുറിച്ചുള്ള ഇംതിയാസിന്‍റെ "അപാരമായ" അറിവ് ഇവിടെ വെച്ചാണ് ഞങ്ങള്‍ക്ക് ഉപകാരമായത്. പല വര്‍ണത്തിലും പല രൂപത്തിലുമുള്ള വിവിധ തരം പൂക്കളും ചെടികളും നിറഞ്ഞ ആസ്ട്ര ഫാമില്‍ ഞങ്ങള്‍ക്ക് എല്ലാ സൌകര്യവും ചെയ്തു തന്നത് ഷാബു എന്ന സുഹൃത്ത് ആയിരുന്നു. റോസ്, തിഫ്ലല, കാസ്, തക്കാളി, കുകുംബര്‍, ഓറഞ്ച് തുടങ്ങി പേരറിയാവുന്ന സാധനങ്ങളും പേരറിയാത്ത മറ്റനേകം ചെടികളും അവിടെ കണ്ടു. ഒരു മണികൂര്‍ അവിടെ ചിലവഴിച്ച ശേഷം 'മഖ്ന' എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു. 

യാത്രാ മദ്ധ്യേ ഹോട്ടല്‍ ഒന്നും കാണുന്നില്ല. വിശപ്പിന്‍റെ കാഠിന്യം വര്‍ധിച്ചു വരുന്നു. അല്‍ ബിദ എന്ന സ്ഥലത്ത് എത്തിയപ്പോ ഒരു ചെറിയ കട കണ്ടു. ലോകത്തിന്‍റെ എവിടെ പോയാലും നമുക്ക് കാണാന്‍ സാധിക്കുന്ന ഒരേയൊരു സാധനമായ "മലയാളി" ആണ് അവിടെയുമുള്ളത്. ജ്യൂസും കേക്ക് ഒക്കെ അവിടെ നിന്നും വാങ്ങി. നല്ലവനായ ആ കടക്കാരന്‍ കുറച്ചു സമയം ഇരുന്നാല്‍ ചായയും ചോറും ഒക്കെ തയ്യാറാക്കി തരാം എന്ന് പറഞ്ഞപ്പോ തന്നെ വയറു നിറഞ്ഞു. അദ്ദേഹത്തോട് നന്ദി പറഞ്ഞു വീണ്ടും യാത്ര തുടര്‍ന്നു. അടുത്തതായി ചെന്നെത്തിയത് 'മദായെര്‍ ശൊഹൈബ്' എന്ന സ്ഥലത്താണ്. മദായിന്‍ സ്വാലിഹിന്‍റെ ഒരു ചെറിയ പതിപ്പ് തന്നെ ആണിത്. പക്ഷെ ഇന്നും ഖനനം നടന്നു കൊണ്ടിരിക്കുന്നതിനാല്‍ അവിടേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.വീണ്ടും യാത്ര തുടര്‍ന്നു.

അടുത്ത യാത്ര "മഖ്ന" എന്ന സ്ഥലത്തേക്കാണ്‌. പാറകൂട്ടങ്ങളുടെ ഇടയിലൂടെ തന്നെയാണ് യാത്ര. ചുവപ്പും, കറുപ്പും, വെളുപ്പും ഒക്കെ നിറങ്ങളിലുള്ള പാറകൂട്ടങ്ങള്‍ നിരനിരയായി നില്‍ക്കുന്നു. അല്‍ ബിദ എന്ന ചെറിയ നഗരവും കടന്നു മഖ്‌നയില്‍ എത്തിയപ്പോ കണ്ട കാഴ്ച്ച അത്ഭുതം ഉളവാക്കുന്നതായിരുന്നു. "കരകാണാ കടലലമേലേ.." എന്നു നമ്മെ പറഞ്ഞു പഠിപ്പിച്ചവര്‍ കള്ളം പറയുകയായിരുന്നോ എന്ന് തോന്നി പോയി. കടലിന്‍റെ അക്കരെ തല ഉയര്‍ത്തി നില്‍ക്കുന്ന ഈജിപ്ത്തിലെ സീനായി മലനിരകള്‍ ഞങ്ങളില്‍ നിന്നും വെറും 25 കിലോമീറ്റര്‍ മാത്രം അകലെയാണ്. ആ മലമുകളില്‍ നിന്ന് കൈഎത്തി പിടിക്കാന്‍ പറ്റുന്ന ആ മലനിരകള്‍ കടന്നാണ് പണ്ട് മൂസ നബി ചെങ്കടല്‍ മുറിച്ചു കടന്നു ഇവിടെ എത്തിയത് എന്ന് ചരിത്രം. തന്‍റെ കൂടെ ഉണ്ടായിരുന്ന ജനങ്ങള്‍ക്ക് കുടിക്കാനായി ശുദ്ധജലം കിട്ടാതെ വന്നപ്പോള്‍, തന്‍റെ കയ്യിലെ വടി കൊണ്ട് മൂസ നബി ഒരു പാറയില്‍ അടിക്കുകയും അവിടെ നിന്നും 12 ഉറവകള്‍ ഉണ്ടാവുകയും ചെയ്തു എന്ന് ഖുറാന്‍ പറയുന്ന സ്ഥലം അവിടെയാണ് എന്നാണ് വിശ്വാസം. ഈന്തപനകളുടെയും പാറകൂട്ടങ്ങളുടെയും ഇടയിലൂടെ ഒരു താഴ്വാരത്തേക്ക് ഇറങ്ങിയപ്പോള്‍ അവിടെ ഒരു ശുദ്ധജല ഉറവ കാണാന്‍ സാധിച്ചു. ചരിത്രപരമായി തെളിയിക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ ഒരു തരത്തിലുമുള്ള അടയാളങ്ങളും അത് സംബന്ധിച്ച് അവിടെ കാണാന്‍ സാധിച്ചില്ല. അപ്പോഴേക്കും മൊബൈലില്‍ 'വോഡാഫോണ്‍ ഈജിപ്'ത്തി ന്‍റെ ഒരു മെസ്സേജ് വരുകയും മൊബൈല്‍ റോമിങ്ങില്‍ ആവുകയും ചെയ്തത് ഞങ്ങളെ വീണ്ടും അത്ഭുതപെടുത്തി. 

അടുത്ത ലക്‌ഷ്യം ചെങ്കടലില്‍ ഒരു കുളി ആണ്. തിരമാലകള്‍ ആഞ്ഞടിക്കുന്ന ചെങ്കടലിലെ വെള്ളത്തിന്‌ നല്ല തണുപ്പും നല്ല ഉപ്പും. തണുത്ത കാറ്റ് വീശികൊണ്ടിരുന്നു. തണുപ്പ് അവഗണിച്ചു ചെങ്കടലില്‍ ഒരു ഉഗ്രന്‍ കുളി പാസ്സാക്കി. സൌദിയിലെ ഒരു കടലിലും തിരമാലകള്‍ ഇതുവരെ കണ്ടിട്ടില്ല. എന്നാല്‍ ഇവിടെ നമ്മുടെ കോവളം ബീച്ചിലും ആലപ്പുഴ 
ബീച്ചിലും ഒക്കെ ഉള്ള പോലെ അടിച്ചു വീശുന്ന തിരമാലകള്‍ കാണാന്‍ സാധിച്ചു.എന്നാല്‍  'കടലമ്മ കള്ളി' എന്ന് എഴുതിവെച്ചിട്ട്, തിരമാലകള്‍ അത് മായ്ച്ചു കളഞ്ഞില്ല. കടലമ്മ കള്ളി എന്ന് അറബിയില്‍ എഴുതിയിരുന്നെങ്കില്‍ ചിലപ്പോ അത് മായ്ച്ചു കളയാന്‍ തിരമാലകള്‍ ആഞ്ഞടിച്ചേനെ എന്ന് തോന്നിപോയി. അതിന്‍റെ അറബി അറിയാഞ്ഞതിനാല്‍ കൂടുതല്‍ അവിടെ നിക്കാതെ വീണ്ടും യാത്ര തുടര്‍ന്നു. 

അവിടെ നിന്നും അല്‍ ബിദ, അല്‍ ശറഫ് എന്നീ ചെറിയ സ്ഥലങ്ങള്‍ കടന്നു  5:00 മണിയോടെ 'ഹഖല്‍' എന്ന മറ്റൊരു തീരദേശ നഗരത്തില്‍ എത്തി. അന്നത്തെ ദിവസം ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ലാ. കൂടാതെ കടലിലെ കുളി വിശപ്പിന്‍റെ കാഠിന്യം വര്‍ധിപ്പിക്കുകയും ചെയ്തു. ഭക്ഷണം വാങ്ങി ജോര്‍ദാന്‍ ബോര്‍ഡറായ 'ദുബ'യിലേക്ക് പൊയി. അവിടെ കടപ്പുറത്തിരുന്നു ഭക്ഷണം കഴിച്ചു. ഹഖലിന്‍റെ ഈ ഭാഗത്താണ്  അല്‍ഭുതകരമായ് മറ്റൊരു കാഴ്ച്ചയുള്ളത്. അവിടെ നിന്നാല്‍ നമുക്ക് 4 രാജ്യങ്ങള്‍ കാണാന്‍ സാധിക്കും -   സൗദി, ഈജിപ്ത്, ജോര്‍ദാന്‍, ഇസ്രായേല്‍. അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒരു ഈജിപ്ത്യന്‍ ഡ്രൈവര്‍ വിശദീകരിച്ചു തന്നു. അവിടെ നിന്നും സൂര്യാസ്തമനത്തിന്‍റെ ഭംഗി ആസ്വദിച്ചു. "ഹഖലില്‍ പോകുമ്പോ രാത്രിയില്‍ പോകണം, അപ്പോഴേ അവിടത്തെ യഥാര്‍ത്ഥ ഭംഗി കാണാന്‍ സാധിക്കൂ" എന്ന് പറഞ്ഞ സിറാജിനോട് മനസ്സില്‍ നന്ദി പറഞ്ഞു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സൌന്ദര്യം ആയിരുന്നു ആ രാത്രിക്ക്. എവിടെ നോക്കിയാലും പ്രകാശം. പ്രകാശത്താല്‍ നിറഞ്ഞു നിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്. അങ്ങ് ഇസ്രായേലിലെ ഒരു തീരദേശ ഗ്രാമം പ്രകാശത്തില്‍ കുളിച്ചപ്പോള്‍ അത് കൂടുതല്‍ അടുത്തേക്ക് വരുന്നതായി തോന്നി.തണുത്ത കാറ്റ്  അപ്പോഴും ആഞ്ഞു വീശുന്നുണ്ടായിരുന്നു. അസഹനീയമായ തണുപ്പ്. 7 മണി ആയപ്പോഴേക്ക് ഞങ്ങള്‍ മടക്ക യാത്രക്ക് തയ്യാറായി. 

തിരിച്ചു വീണ്ടും തബൂകിലെ റൂമില്‍ എത്തി. കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം റിയാദിലേക്ക് തിരിച്ചു. 1500 ഓളം കിലോമീറ്റര്‍ സഞ്ചരിച്ചു രാവിലെ 11 മണിയോടെ റിയാദില്‍ എത്തി. അങ്ങനെ ചരിത്രം തേടിയുള്ള ആ യാത്ര അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ സുഗമമായി അവസാനിച്ചു. (അല്‍ഹംദുലില്ലാല്‌..)

June 04, 2012

കുലംകുത്തി..??

കഴിഞ്ഞ ദിവസം കൂട്ടുകാരുമായി ഭക്ഷണം കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറി....

എല്ലാവരും പുട്ടും പഴവും വേണമെന്ന് പറഞ്ഞപ്പോ, ഞാന്‍ പൊറോട്ടയും മുട്ടകറിയും പറഞ്ഞു...

അപ്പൊ അവരെന്നെ വിളിച്ചു...

കുലംകുത്തി..


December 06, 2011

FAQ : മുല്ലപെരിയാര്‍


പെരിയാറേ.... മുല്ലപെരിയാറേ...
പാര്‍വതനിരയുടെ പനിനീരേ....

അങ്ങനെ ആ പനിനീര് തളിച്ച് കേരളത്തെ ശുദ്ധീകരിക്കാന്‍ നാം തയ്യാറായി നിക്കുന്നു.   ഡാം പൊട്ടുമോ, പൊട്ടില്ലയോ.... ഒരായിരം സംശയങ്ങളുമായി മലയാളിയുടെ മനസ്സില്‍ ഒരു വലിയ ജലബോംബ്‌ പൊട്ടി പണ്ടാരടങ്ങി നില്‍ക്കുന്നു... അപ്പോള്‍ സംശയങ്ങളുടെ ഭണ്ഡാരം തുറന്നാലോ...
  • ഡാം പൊട്ടുമോ, പൊട്ടിയാല്‍ ഏതൊക്കെ ജില്ലകള്‍ ഒലിച്ചു പോകും.. 
  • ഡാം പൊട്ടിയാല്‍, തമിഴ്നാടിനു എവിടുന്ന് വെള്ളം കിട്ടും.. 
  • തമിഴ്നാടിന് വെള്ളം കിട്ടിയില്ലെങ്കില്‍, അവര്‍ എങ്ങനെ കൃഷി ചെയ്യും..
  • തമിഴ്നാട് കൃഷി ചെയ്തില്ലെങ്കില്‍ നമ്മള്‍ എങ്ങനെ വല്ലതും കഴിക്കും..
  • ഇനി അവര്‍ കൃഷി ചെയ്‌താല്‍, അവര്‍ അത് എവിടെ കൊണ്ടേ വില്‍ക്കും (കേരളം ഒലിച്ചു പോകുമല്ലോ)
  • കെ.എസ്.ആര്‍.ടി. സി.യുടെ പേര് മാറ്റി കെ.എസ്.ഡബ്ലിയു .ടി. സി എന്നാക്കുമോ.. 
  • മെട്രോ റെയില്‍, മെട്രോ ഷിപ്‌വേ ആക്കുമോ..
  • മുസ്ലിം ലീഗ് സ്മാര്‍ട്ട്‌ സിറ്റി കോഴികോട്ടേക്ക് മാറ്റാന്‍ പറയുമോ..
  • പി.സി ജോര്‍ജ് ഇല്ലാത്ത കേരളത്തില്‍ ഇനി ആരാകും പൊതുസമ്മേളനം നടത്തി കൈഅടി മേടിക്കുക..
  • കേരള കോണ്‍ഗ്രസ്‌ ഇനി ഗണേഷ്‌ കുമാര്‍ നയിക്കുമോ..
  • ജലബോംബ്‌ കണ്ട ജനങ്ങളെ ഇനി പോലീസ് ജലപീരങ്കി കാണിച്ചു പേടിപ്പിക്കുമോ...
  • വല്ലാര്‍പാടം ടെര്‍മിനല്‍ ഇനി 'വല്ല പാട'ത്തിലേക്കും കൊണ്ടുപോകുമോ..
  • ഇനി ഇടതും വലതും അല്ലാതെ നേരെ പോകുന്ന ആരെങ്കിലും കേരളം ഭരിക്കുമോ..

അങ്ങനെ ഒരുപാട് സംശയങ്ങള്‍ മനസ്സില്‍ കിടക്കുന്നു.. അല്ല അത് പൊട്ടിയാലുള്ള അവസ്ഥ.. ഇപ്പോഴത്തെ കാര്യങ്ങളോ??
  • 999 വര്‍ഷത്തെ കരാര്‍ എഴുതിയ മുദ്രപത്രം എവിടെയാണ്..
  • കേരളത്തില്‍ ജോലി ചെയ്യുന്ന 'തമിഴ്‌ മക്കള്‍' തമിഴ്നാടുകാരല്ലേ..
  • ഫേസ്ബുക്ക്‌ ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ എവിടെ പോയി പ്രതിഷേധം പോസ്റ്റ്‌ ചെയ്തേനെ..
  • ഫേസ്ബുക്ക്‌ മുല്ലപെരിയാര്‍ കയ്യടക്കി, ഇനി 'ജിത്തു ഭായ് എന്ന ചോക്ലേറ്റ് ഭായ്‌' എങ്ങനെ കളക്ഷന്‍ റെക്കോര്‍ഡ്‌ കയ്യടക്കും..
  • പോളിറ്റ്‌ ബ്യുറോയും പ്രധാന മന്ത്രിയും 'സൈലന്‍റ്'  മോഡില്‍ നിന്നും മാറുമോ...
  • അമ്മ പ്രധാനമന്ത്രിയെ കാണുന്ന പോലെ നമ്മുടെ രാഷ്ട്രീയകാര്‍ക്ക് അവിടെ കേറാനുള്ള പാസ്‌ കിട്ടാന്‍ എന്തെങ്കിലും വകുപ്പ് ഉണ്ടോ..
  • 'വൈ ദിസ് കൊലവെറി' കോടി ഹിറ്റുകള്‍ നേടുമോ..
  • നീറോ ചക്രവര്‍ത്തിയെ പോലെ വീണ വായിക്കാന്‍ മുഖ്യന് അറിയുമോ, ഇല്ലെങ്കില്‍  ഇനി വീണ പഠിക്കാന്‍ പോകുവോ..
  • പിന്നെ, മരിച്ചു കഴിഞ്ഞാല്‍ സര്‍ക്കാര്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ദുരിതാശ്വാസ നിധിയിലെ  പണം, ഇപ്പൊ കിട്ടാന്‍ എന്തെങ്കില്‍ വകുപ്പുണ്ടോ..
  • 'അമ്മ'യുടെ ഡിമാന്‍ഡസ് അംഗീകരിച്ചു നമ്മള്‍ പുതിയ ഡാം നിര്‍മ്മിക്കാം എന്ന് രാഷ്ട്രീയകാര്‍ പറയുന്നു..  അതല്ലേ അമ്മയ്ക്കും വേണ്ടത്‌..അപ്പൊ ഇവര്‍ അവരുടെ കയ്യില്‍ നിന്നും കോഴ മേടിച്ചോ..

വാല്‍കഷണം : എന്‍റെ പടച്ചോനെ അകെ കണ്‍ഫ്യൂഷന്‍ ആയല്ലോ എന്നാണോ.... ഇതൊന്നും എനിക്ക് തോന്നുന്ന സംശയങ്ങള്‍ അല്ല..നിങ്ങള്‍ക്ക്‌ തോന്നാന്‍ ചാന്‍സ് ഉള്ളതാ.. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ഇനി രാഷ്ട്രീയകാരെ അപമാനിക്കുന്ന പോസ്റ്റുകള്‍ പാടില്ല എന്ന് സര്‍ക്കാര്‍..ബ്ലോഗ്ഗില്‍ എഴുതരുത് എന്ന് പറഞ്ഞാല്‍ ഈ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യാന്‍ അഡ്മിന് പൂര്‍ണ അധികാരം ഉണ്ടാവും..