August 17, 2011

ഹസാരെ അങ്കിളിനു..





എത്രയും പ്രിയപ്പെട്ട ഹസാരെ അങ്കിളിനു,


അങ്കിള്‍ ജയിലിലായി എന്ന് ടിവിയില്‍ കണ്ടു. അത് കേട്ടപ്പോള്‍ ഒത്തിരി സങ്കടം ആയി. നമുക്ക് വേണ്ടിയാണ് അങ്കിള്‍ നിരാഹാര സമരം ചെയ്യാന്‍ തയ്യാറായത്‌ എന്ന് ടീച്ചര്‍ പറഞ്ഞു . എന്നാല്‍ ആരും അത് സമ്മതിക്കുന്നില്ല എന്ന് കാണുമ്പോള്‍ എനിക്ക് കരച്ചില്‍ വരുന്നു. അവിടെ വന്നു അങ്കിളിന്റെ കൂടെ സമരം ചെയ്യാന്‍ കൂടണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. പക്ഷെ, അവിടെ വരെ വരാന്‍ പപ്പ സമ്മതിക്കാത്തത് കൊണ്ടും, സ്കൂളിന് അവധി ഇല്ലാത്തതു കൊണ്ടുമാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. 

ഒരു ഫ്രീഡം ഫയിറ്റര്‍ ആയ അങ്കിളിനു ജയില്‍ ഒരു പ്രോബ്ലം അല്ല എന്ന് അറിയാം, എങ്കിലും ചോദിക്കട്ടെ, എങ്ങനെ ഉണ്ട് ജയില്‍. അവിടെ സുഖം എന്ന് വിശ്വസിക്കുന്നു. കനിമൊഴി ആന്റിയേം, രാജാ അന്കിളിനെയും കണ്ടോ. കനിമൊഴി ആന്റിയുടെ മെഴുകുതിരികളാണോ അവിടെ പവര്‍ കട്ട്‌ സമയത്ത് ഉപയോഗിക്കുന്നത്. അവിടെ കൊതുകുണ്ടോ, കൊതുകുതിരി കിട്ടുമോ. പിന്നെ, ഭക്ഷണം, ഇപ്പൊ ജയിലില്‍ ഗോതമ്പ് ഉണ്ട അല്ല എന്ന് കേട്ടിട്ടുണ്ട്, ഇപ്പൊ എന്താ കിട്ടുന്നെ.

അങ്കിളിനെ ജയിലില്‍ നിന്നും വിടണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോ ദെ ടിവിയില്‍ പറയുന്നു, അങ്കിള്‍ ജയിലില്‍ നിന്ന് ഇറങ്ങുന്നില്ല എന്ന്. അങ്കിള്‍ അങ്ങനെ പറയണം എങ്കില്‍ അതില്‍ എന്തെങ്കിലും കാര്യം ഉണ്ടാവും എന്ന് എനിക്ക് അറിയാം. അതുകൊണ്ട് അതിന്റെ റീസണ്‍ ഞാന്‍ ചോദിക്കുന്നില്ല, എങ്കിലും ഞാനും എന്‍റെ ഫ്രണ്ട്സും എപ്പോഴും അങ്കിളിന്റെ ഫാന്‍സ്‌ ആയിരിക്കും. ഇന്ത്യയെ നന്നാക്കുക എന്നത് നമ്മുടെ ഒരു അവിശ്യമാണ്. അതിനെതിരെ പ്രൈമിനിസ്റെര്‍ അല്ല, ചീഫ്മിനിസ്റെര്‍ വന്നാലും അങ്കിള്‍ സമരം ചെയ്യണം. 

ഇപ്പൊ രാഹുലങ്കിള്‍ അങ്കിളിനെ വെറുതെ വിടണം എന്ന് പറഞ്ഞു എന്ന് ഫേസ്ബുക്കില്‍ വായിച്ചു. രാഹുല്‍ അങ്കിള്‍ പ്രൈമിനിസ്റെര്‍ ആയാല്‍ നമ്മുടെ പ്രോബ്ലെംസ് മാറും എന്ന് ടിവിയിലും പറയുന്നു. എങ്കില്‍ അതിനു വേണ്ടി നമുക്ക് സമരം ചെയ്യാം. അപ്പൊ പിന്നെ പ്രോബ്ലെംസ് ഉണ്ടാവില്ലല്ലോ. എന്തായാലും അങ്കിളിനെ അവര് വെറുതെ വിടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അങ്കിളിനെ കാണണം എന്ന് എനിക്ക് വല്യ ആഗ്രഹം ഉണ്ട്. അടുത്ത സ്കൂള്‍ വെക്കേഷനില്‍ ഞങ്ങള്‍ ഡല്‍ഹി ടൂര്‍ വരുന്നുണ്ട്. അപ്പൊ കാണാം. നിര്ത്തുന്നു..

എന്ന് സ്നേഹത്തോടെ,

റയാ മറിയം  

7B, അല്‍-മനാര്‍ പബ്ലിക്‌ സ്കൂള്‍ 


August 10, 2011

എല്ലാം എന്തിനു വേണ്ടി..

പെരുന്നാള്‍ ആയിട്ട് നാട്ടിലേക്ക് വരുന്നില്ലേ എന്ന് നാട്ടുകാരും, വീട്ടുകാരും, കൂട്ടുകാരും എല്ലാം ചോദിക്കുന്നു. എന്നാല്‍ ഒരു മാസം നാട്ടില്‍ പോയി നിക്കാം എന്ന് ഞാനും വിചാരിച്ചു. അതിനിമുണ്ട് ഒരുപാട് പൊല്ലാപ്പുകള്‍. സ്പോന്സരെ കാണണം. പാസ്പോര്‍ട്ട്‌ മേടിക്കണം, റീ എന്‍ട്രി വിസ മേടിക്കണം. എല്ലാത്തിനും കുറെ റിയാല്‍സ് ചിലവും. എന്തായാലും പോകാന്‍ തീരുമാനിച്ചു. 

ഇന്നലെ അതിനായി സ്പോന്സറുടെ അടുത്ത് പോയി. അവിടെ വെച്ച് ഒരു ബംഗാളിയെ കണ്ടു. പുള്ളികാരന്‍ ഭയങ്കര സന്തോഷത്തിലാണ്. കുറെ വര്‍ഷങ്ങള്‍ കൂടി നാട്ടില്‍ പോകുന്നതിന്റെ സന്തോഷം ആണെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. പിന്നീട് ആണ് അറിഞ്ഞത് പുള്ളി അവിടെ തന്നെ ഉള്ള ആളാണ് എന്നും, പെട്ടന്നാണ് നാട്ടില്‍ പോകാന്‍ തീരുമാനിച്ചത്‌ എന്നും. 

സംഗതി എന്താണ് എന്ന് വിശദമായി അന്വേഷിച്ചു. പുള്ളിക്കാരന് ഒരു ലോട്ടറി അടിച്ചു. പൈസ ഉടനെ കിട്ടും. സൗദി ടെലികോമിന്‍റെ മെസ്സേജ് മൊബൈലില്‍ വന്നത് പുള്ളി കാണിച്ചു. അപ്പോഴാണ്‌ കാര്യത്തിന്റെ ഗൌരവം മനസിലാവുന്നത്. പുള്ളിക്ക് മൊബൈലില്‍ ഒരു മെസ്സേജ് വന്നു. സൗദി ടെലികോമിന്‍റെ  ഈ മാസത്തെ ലോട്ടറി ഒരു ലക്ഷം റിയല്‍ പുള്ളിക്ക് ലഭിച്ചു എന്നായിരുന്നു മെസ്സേജ്. അതിനായി പുള്ളിയുടെ ഇഖാമ(റെസിഡന്‍സ് വിസ) നമ്പറും എല്ലാം ചോദിച്ചിരിക്കുന്നു. വളരെ സന്തോഷത്തോടെ പുള്ളി അതെല്ലാം അയച്ചു കൊടുത്തു. പിന്നീട് ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു അയ്യായിരത്തോളം റിയാലുകള്‍ പുള്ളി അവര്‍ക്ക്‌ അയച്ചു കൊടുത്തു.

ഇപ്പോള്‍ അവസാന സന്ദേശം ലഭിച്ചിരിക്കുന്നു. 1050 റിയാല്‍ അയച്ചു കൊടുക്കാന്‍. അതിനു ശേഷം ശനിയാഴ്ച സൗദി  ടെലികോമിന്‍റെ ഓഫീസില്‍ എത്തി പൈസ മേടിക്കാം എന്ന് അവര്‍ അറിയിച്ചിരിക്കുന്നു. അത് നാളെ അയച്ചാല്‍ താന്‍ കോടീശ്വരന്‍ ആകും എന്ന ഉറച്ച വിശ്വാസത്തിലാണ് അയാള്‍. അത് ലഭിച്ചതിനു ശേഷം നാട്ടില്‍ പോകാന്‍ പാസ്പോര്‍ട്ടും റീ എന്‍ട്രി വിസയും മേടിക്കനാണ് അയാള്‍ വന്നിരിക്കുന്നത്. വീട്ടില്‍ വിളിച്ചു എല്ലാവര്ക്കും മേടിച്ചു കൊണ്ടുപോകാനുള്ള സാധനങ്ങളെ കുറിച്ചൊക്കെ അയാള്‍ സംസാരിക്കുന്നു. 

എന്നാല്‍ ഇത് വെറും തട്ടിപ്പാണ് എന്നും, ചതിയാല്‍ നിങ്ങളുടെ കയ്യിലുള്ള പൈസ വെട്ടിക്കുകയാണ് അവര്‍ എന്നും അവിടെ ഉണ്ടായിരുന്നവര്‍ അയാളോട് പറഞ്ഞു കൊടുത്തു. ഒടുവില്‍ എല്ലാവരും കൂടി പുള്ളിയെ കൊണ്ട് പൈസ അടക്കില്ല എന്നും സമ്മതിപ്പിക്കുന്നു. എന്നാല്‍ അയാള്‍ വീണ്ടും പണം അടച്ചു കൊടുക്കും എന്ന് ഉറപ്പാണ്. എന്നിട്ട് വീട്ടില്‍ പോകാനുള്ള തയാറെടുപ്പുകള്‍ നടത്തും. കാരണം അയാള്‍ ആ ചതിയില്‍ അത്ര മാത്രം വിശ്വസിച്ചിരിക്കുന്നു.

വര്‍ഷങ്ങളോളം താന്‍ അധ്വാനിച്ച പണം മറ്റൊരുവന്‍ തന്നെ കബളിപ്പിച്ചു കൈകലാക്കി എന്ന സത്യം അയാള്‍ ടെലികോം ഓഫീസില്‍ എത്തുമ്പോഴ മനസില്ലാക്കൂ. ആരൊക്കെ പറഞ്ഞിട്ടും അത് വിശ്വസികാതെ തനിക്ക് ലഭിക്കാന്‍ പോക്കുന്ന സൌഭാഗ്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്ന അയാള്‍ താന്‍ കബളിപ്പിക്കപെട്ടു എന്ന സത്യം മനസിലാക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കും. അയാളെ വീണ്ടും ഞാന്‍ കാണുകയാണെങ്കില്‍ എന്തായിരിക്കും അയാളുടെ അവസ്ഥ എന്നൊക്കെ ആലോചിച്ചപ്പോള്‍ മനസ്സില്‍ എവിടയെ ഒരു സങ്കടം. അയാളും എന്നെ പോലെ നാട് സ്വപ്നം കണ്ടു  കൊണ്ടായിരിക്കും കിടന്നുറങ്ങുന്നത്. എന്നാല്‍ എന്‍റെ മനസ്സില്‍ ഇപ്പോള്‍ നാടിനെ കുറിച്ചുള്ള ചിന്ത ഇല്ല. മനസ്സ് മുഴുവന്‍ അയാളാണ്, ടെലികോം ഓഫീസില്‍ എത്തി സത്യം തിരിച്ചറിയുന്ന അയാളുടെ പ്രതീക്ഷകള്‍ അസ്തമിച്ച ആ മുഖം. അത് മാത്രമാണ് ഇപ്പോള്‍ എന്‍റെ മനസ്സില്‍ ഉള്ളത്. 

June 04, 2011

സൂപ്പര്‍ 30


ഇത് ആനന്ദ്‌ കുമാര്‍. ഏതു ആനന്ദ്‌ കുമാര്‍ എന്ന് ചോദിച്ചാല്‍, 'സൂപ്പര്‍ 30 ' ആനന്ദ്‌ കുമാര്‍.. മനസിലായില്ല അല്ലെ.. അദേഹത്തെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് കഴിഞ്ഞ ദിവസം ഒരു ചാനലില്‍ അദേഹവുമായുള്ള  ഒരു അഭിമുഖം കണ്ടപ്പോഴാണ്. 

ബീഹാറില്‍ പോസ്റ്റ്‌ ഓഫീസില്‍  ക്ലാര്‍ക്ക് ആയി ജോലി ചെയ്തിരുന്ന രാജേന്ദ്ര പ്രസാദ്‌ എന്ന ഒരു സാധാരണകാരന്‍റെ 'അസാധരനക്കാര'നായ മകന്‍. വീടിലെ സാമ്പത്തിക പ്രതിസന്ധി മൂലം ഹിന്ദി മീഡിയം സര്‍ക്കാര്‍ സ്കൂളില്‍ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കേണ്ടി  വന്നു. അവിടെവെച്ചാണ് 'മാത്തമാടിക്സ്' എന്ന വിഷയത്തെ സ്നേഹിച്ചു തുടങ്ങിയത്.  അതിനു ശേഷം 'കേംബ്രിഡ്ജ് യുനിവേര്‍സിറ്റി'യില്‍  പുനര്‍പഠനത്തിനു അവസരം ലഭിച്ചെങ്കിലും, അച്ഛന്‍റെ മരണവും വീടിലെ സാമ്പത്തിക പ്രധിസന്ധിയും മൂലം അത് ഉപേക്ഷിക്കേണ്ടി വന്നു. സ്പോണ്‍സര്‍മാരെ നോക്കിയെങ്കിലും, ആ ശ്രമവും പരാജയപെട്ടു. പപ്പട കച്ചവടം നടത്തിയും, കുട്ടികള്‍ക്ക് ടുഷന്‍ എടുത്തും കുടുംബം നോക്കിയ ആനന്ദ്, വിദേശ പുസ്തകങ്ങള്‍ പഠിക്കാനായി ലൈബ്രറികള്‍ തേടി വാരാന്ത്യങ്ങളില്‍ മണികൂറുകള്‍ യാത്ര ചെയ്തിരുന്നു.
1997ല്‍  സ്വന്തമായി ടുഷന്‍ സ്ഥാപനം 'രാമാനുജന്‍ സ്കൂള്‍ ഓഫ് മാത്തമാടിക്സ് ' തുടങ്ങുകയും, 2003 മുതല്‍ 'സൂപ്പര്‍ 30' എന്ന പേരില്‍ 30 കുട്ടികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് 'IIT-JEE' പരീക്ഷക്ക്‌ കോച്ചിംഗ് കൊടുക്കുകയും ചെയ്യുന്നു. ഇവിടെ അയ്യായിരത്തോളം കുട്ടികള്‍ എഴുതുന്ന പ്രവേശന പരീക്ഷയില്‍ നിന്നും സമര്‍ത്ഥരായ, സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന 30 കുട്ടികളെയാണ് ആനന്ദ് തിരഞ്ഞെടുക്കുന്നത്. ആദ്യ വര്‍ഷങ്ങളില്‍ എണ്‍പത് ശതമാനം വിദ്യാര്‍ഥികള്‍ക്ക് IIT പ്രവേശനം ലഭിച്ചു. എന്നാല്‍ 2010ല്‍  'സൂപ്പര്‍ 30 ' മുഴുവനും IIT പ്രവേശനം നേടി. ഏപ്രില്‍ മാസം ഫോക്കസ് മാഗസിന്‍ അദേഹത്തെ 'one of the global personalities who have the ability to shape exceptionally talented people' എന്നാണു വിശേഷിപ്പിച്ചത്‌. 



ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് താമസം, ഭക്ഷണം മുതലായ കാര്യങ്ങള്‍ തീര്‍ത്തും സൌജന്യമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത . സര്‍കാരിന്‍റെയോ മറ്റു സ്വകര്യ ഏജന്‍സികളുടെയോ സാമ്പത്തിക സഹായം സ്വീകരിക്കാതെയാണ് ആനന്ദ് ഈ സംരംഭം നടത്തുന്നത്. അമ്മ ജയന്തി ദേവി കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കുകയും, സഹോദരന്‍ പ്രണവ് കുമാര്‍ മറ്റു കാര്യങ്ങള്‍ നോക്കുകയും ചെയ്യുന്നു.  അങ്ങനെ തനിക് സാമ്പത്തികം ഇല്ലാത്തതിന്റെ പേരില്‍ വിദ്യാഭ്യാസം നഷ്ടപെടെണ്ടി വന്ന അവസ്ഥ ആര്‍ക്കും ഉണ്ടാകരുത് എന്ന ഒരു ഉദ്ദേശം മാത്രം മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുകയാണ് ആനന്ദ്‌. 
'സൂപ്പര്‍ 30'യെ സൂപ്പര്‍ 50യോ 100ഓ ഒക്കെ ആകി മാറ്റാനുള്ള ശ്രമത്തിലാണ് ആനന്ദ് ഇപ്പോള്‍. അതുപോലെ, കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ തനിക് താല്പര്യം ഉണ്ടെന്നാണ് ആനന്ദ് പറയുന്നു. അതിനായി, അവരുടെ പ്രവേശന പരീക്ഷ നടത്താന്‍ ഒരു സ്കൂള്‍ കിട്ടുമെങ്കില്‍ ഇവിടെയുള്ള സമര്‍ത്ഥരായ കുട്ടികളെ കണ്ടെത്തി, അവരെ ബീഹാറില്‍ കൊണ്ടുപോയി 'സൂപ്പര്‍ 30' വഴി IITയില്‍ എത്തിക്കാം എന്നാണ് ആനന്ദ് പറയുന്നത്. എന്തായാലും അടുത്ത മുപ്പതില്‍ മലയാളികളും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.