August 18, 2011

ഇനിയും തുറക്കാത്ത സമ്മാനപൊതി

'മഴയത്ത് പോലും പള്ളിക്കൂടത്തിന്‍റെ പടി കാണാത്തവന്മാര്‍' എന്ന് ചീത്ത പേരുള്ളവരാണ് കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് ഇനി അങ്ങനെ ഒരു അപവാദം കേള്‍ക്കേണ്ടി വരില്ല. മുഘ്യനും തന്‍റെ 19 ശിഷ്യന്മാരും വീണ്ടും ക്ലാസ്സ്‌ മുറിയിലേക്ക്. അതും ചുമ്മാ ഇടിഞ്ഞു പൊളിഞ്ഞ സര്‍ക്കാര്‍ സ്കൂള്‍ അല്ല, കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ പലരും പഠിക്കാന്‍ കൊതിക്കുന്ന IIM കോഴിക്കോട് കാമ്പസില്‍.

രാഷ്ട്രീയം അരച്ചുകലക്കി കുടിച്ചിട്ടുള്ള മന്ത്രി മുഘ്യന്മാരുടെ കഴിവുകള്‍ വിദ്യാര്‍തികളും, അവരുടെ മാനേജ്‌മെന്‍റ് മന്ത്രങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കും പഠിക്കാനുള്ള ഒരു പരിപാടിയുമായി IIM ആണ് മുന്നോട്ടു വന്നത്.  ഇന്നേ വരെ ഒരു പരിപാടിക്കും സമയത്ത് എത്തിയിട്ടില്ലാത്ത എല്ലാവരും 9 മണി ആയപ്പോ കോളേജില്‍ എത്തി. പഠിക്കാനുള്ള ആഗ്രഹം, അല്ലാതെന്തു പറയാന്‍.

കാമ്പസില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് നമുക്ക് എല്ലാവര്ക്കും അറിയാവുന്ന പോലെ മന്ത്രിമാര്‍ക്കും അറിയാം. കാമ്പസില്‍ മൊബൈല്‍ നിരോധിച്ച മന്ത്രിമാര്‍ അത് ഉപയോഗിച്ചാല്‍ തെറ്റല്ലേ. എല്ലാവരും മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്ത് ക്ലാസ്സില്‍ അച്ചടകത്തോടെ ഇരുന്നു (നിയമസഭയില്‍ ഇരിക്കുന്ന പോലെ അല്ല).



കാര്യപരിപാടിയില്‍ ആദ്യം മുഘ്യനും പുള്ളാരും നടത്തിയ കൂടികാഴ്ച ആയിരുന്നു. കേരളത്തിനു പല സ്ട്രെങ്ങ്തും വീക്ക്‌നെസ്സും (Strength & Weakness) ഉണ്ടെന്നും അത് തിരിച്ചരിഞ്ഞാല്‍ മാത്രമേ നമുക്ക്‌ ആ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്നും മുഘ്യന്‍ പറഞ്ഞു. ആ സത്യം മനസിലാക്കാന്‍ അദ്ധേഹത്തിനു കോഴിക്കോട് വരെ എത്തേണ്ടി വന്നോ, അതോ അത് പുള്ളികാരന് പണ്ടേ അറിയവുന്നതായിരുന്നോ എന്ന് എനിക്ക് അറിയില്ല. 

എന്തായാലും സംഭാവന കൂംബാരമാകാതെ തന്നെ പരിപാടി ഗംഭീരമായി. ടൈം മാനേജ്‌മന്‍റ്,   ലീഡര്‍ഷിപ്‌ എബിലിറ്റീസ്, എകണോമിക് ഡെവലപ്പ്മെന്‍റ് തുടങ്ങി പല കാര്യങ്ങളിലും ചര്‍ച്ചകള്‍ നടന്നു. ഇനി നമ്മുടെ ഭരണത്തില്‍ പല മാനേജ്‌മന്റ്‌ തിയറികളും ഉള്‍പെടുത്തി വലിയ ഒരു പുരോഗതിയിലേക്ക് കേരളം പിടിച്ചു കയറും എന്ന് നമുക്ക് വിശ്വസിക്കാം. അല്ലെങ്കില്‍ ഇത് അതിനൊക്കെയുള്ള ഒരു തുടക്കമാവട്ടെ എന്ന് പ്രതീക്ഷിക്കാം.   

August 17, 2011

ഹസാരെ അങ്കിളിനു..





എത്രയും പ്രിയപ്പെട്ട ഹസാരെ അങ്കിളിനു,


അങ്കിള്‍ ജയിലിലായി എന്ന് ടിവിയില്‍ കണ്ടു. അത് കേട്ടപ്പോള്‍ ഒത്തിരി സങ്കടം ആയി. നമുക്ക് വേണ്ടിയാണ് അങ്കിള്‍ നിരാഹാര സമരം ചെയ്യാന്‍ തയ്യാറായത്‌ എന്ന് ടീച്ചര്‍ പറഞ്ഞു . എന്നാല്‍ ആരും അത് സമ്മതിക്കുന്നില്ല എന്ന് കാണുമ്പോള്‍ എനിക്ക് കരച്ചില്‍ വരുന്നു. അവിടെ വന്നു അങ്കിളിന്റെ കൂടെ സമരം ചെയ്യാന്‍ കൂടണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. പക്ഷെ, അവിടെ വരെ വരാന്‍ പപ്പ സമ്മതിക്കാത്തത് കൊണ്ടും, സ്കൂളിന് അവധി ഇല്ലാത്തതു കൊണ്ടുമാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. 

ഒരു ഫ്രീഡം ഫയിറ്റര്‍ ആയ അങ്കിളിനു ജയില്‍ ഒരു പ്രോബ്ലം അല്ല എന്ന് അറിയാം, എങ്കിലും ചോദിക്കട്ടെ, എങ്ങനെ ഉണ്ട് ജയില്‍. അവിടെ സുഖം എന്ന് വിശ്വസിക്കുന്നു. കനിമൊഴി ആന്റിയേം, രാജാ അന്കിളിനെയും കണ്ടോ. കനിമൊഴി ആന്റിയുടെ മെഴുകുതിരികളാണോ അവിടെ പവര്‍ കട്ട്‌ സമയത്ത് ഉപയോഗിക്കുന്നത്. അവിടെ കൊതുകുണ്ടോ, കൊതുകുതിരി കിട്ടുമോ. പിന്നെ, ഭക്ഷണം, ഇപ്പൊ ജയിലില്‍ ഗോതമ്പ് ഉണ്ട അല്ല എന്ന് കേട്ടിട്ടുണ്ട്, ഇപ്പൊ എന്താ കിട്ടുന്നെ.

അങ്കിളിനെ ജയിലില്‍ നിന്നും വിടണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോ ദെ ടിവിയില്‍ പറയുന്നു, അങ്കിള്‍ ജയിലില്‍ നിന്ന് ഇറങ്ങുന്നില്ല എന്ന്. അങ്കിള്‍ അങ്ങനെ പറയണം എങ്കില്‍ അതില്‍ എന്തെങ്കിലും കാര്യം ഉണ്ടാവും എന്ന് എനിക്ക് അറിയാം. അതുകൊണ്ട് അതിന്റെ റീസണ്‍ ഞാന്‍ ചോദിക്കുന്നില്ല, എങ്കിലും ഞാനും എന്‍റെ ഫ്രണ്ട്സും എപ്പോഴും അങ്കിളിന്റെ ഫാന്‍സ്‌ ആയിരിക്കും. ഇന്ത്യയെ നന്നാക്കുക എന്നത് നമ്മുടെ ഒരു അവിശ്യമാണ്. അതിനെതിരെ പ്രൈമിനിസ്റെര്‍ അല്ല, ചീഫ്മിനിസ്റെര്‍ വന്നാലും അങ്കിള്‍ സമരം ചെയ്യണം. 

ഇപ്പൊ രാഹുലങ്കിള്‍ അങ്കിളിനെ വെറുതെ വിടണം എന്ന് പറഞ്ഞു എന്ന് ഫേസ്ബുക്കില്‍ വായിച്ചു. രാഹുല്‍ അങ്കിള്‍ പ്രൈമിനിസ്റെര്‍ ആയാല്‍ നമ്മുടെ പ്രോബ്ലെംസ് മാറും എന്ന് ടിവിയിലും പറയുന്നു. എങ്കില്‍ അതിനു വേണ്ടി നമുക്ക് സമരം ചെയ്യാം. അപ്പൊ പിന്നെ പ്രോബ്ലെംസ് ഉണ്ടാവില്ലല്ലോ. എന്തായാലും അങ്കിളിനെ അവര് വെറുതെ വിടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അങ്കിളിനെ കാണണം എന്ന് എനിക്ക് വല്യ ആഗ്രഹം ഉണ്ട്. അടുത്ത സ്കൂള്‍ വെക്കേഷനില്‍ ഞങ്ങള്‍ ഡല്‍ഹി ടൂര്‍ വരുന്നുണ്ട്. അപ്പൊ കാണാം. നിര്ത്തുന്നു..

എന്ന് സ്നേഹത്തോടെ,

റയാ മറിയം  

7B, അല്‍-മനാര്‍ പബ്ലിക്‌ സ്കൂള്‍ 


August 10, 2011

എല്ലാം എന്തിനു വേണ്ടി..

പെരുന്നാള്‍ ആയിട്ട് നാട്ടിലേക്ക് വരുന്നില്ലേ എന്ന് നാട്ടുകാരും, വീട്ടുകാരും, കൂട്ടുകാരും എല്ലാം ചോദിക്കുന്നു. എന്നാല്‍ ഒരു മാസം നാട്ടില്‍ പോയി നിക്കാം എന്ന് ഞാനും വിചാരിച്ചു. അതിനിമുണ്ട് ഒരുപാട് പൊല്ലാപ്പുകള്‍. സ്പോന്സരെ കാണണം. പാസ്പോര്‍ട്ട്‌ മേടിക്കണം, റീ എന്‍ട്രി വിസ മേടിക്കണം. എല്ലാത്തിനും കുറെ റിയാല്‍സ് ചിലവും. എന്തായാലും പോകാന്‍ തീരുമാനിച്ചു. 

ഇന്നലെ അതിനായി സ്പോന്സറുടെ അടുത്ത് പോയി. അവിടെ വെച്ച് ഒരു ബംഗാളിയെ കണ്ടു. പുള്ളികാരന്‍ ഭയങ്കര സന്തോഷത്തിലാണ്. കുറെ വര്‍ഷങ്ങള്‍ കൂടി നാട്ടില്‍ പോകുന്നതിന്റെ സന്തോഷം ആണെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. പിന്നീട് ആണ് അറിഞ്ഞത് പുള്ളി അവിടെ തന്നെ ഉള്ള ആളാണ് എന്നും, പെട്ടന്നാണ് നാട്ടില്‍ പോകാന്‍ തീരുമാനിച്ചത്‌ എന്നും. 

സംഗതി എന്താണ് എന്ന് വിശദമായി അന്വേഷിച്ചു. പുള്ളിക്കാരന് ഒരു ലോട്ടറി അടിച്ചു. പൈസ ഉടനെ കിട്ടും. സൗദി ടെലികോമിന്‍റെ മെസ്സേജ് മൊബൈലില്‍ വന്നത് പുള്ളി കാണിച്ചു. അപ്പോഴാണ്‌ കാര്യത്തിന്റെ ഗൌരവം മനസിലാവുന്നത്. പുള്ളിക്ക് മൊബൈലില്‍ ഒരു മെസ്സേജ് വന്നു. സൗദി ടെലികോമിന്‍റെ  ഈ മാസത്തെ ലോട്ടറി ഒരു ലക്ഷം റിയല്‍ പുള്ളിക്ക് ലഭിച്ചു എന്നായിരുന്നു മെസ്സേജ്. അതിനായി പുള്ളിയുടെ ഇഖാമ(റെസിഡന്‍സ് വിസ) നമ്പറും എല്ലാം ചോദിച്ചിരിക്കുന്നു. വളരെ സന്തോഷത്തോടെ പുള്ളി അതെല്ലാം അയച്ചു കൊടുത്തു. പിന്നീട് ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു അയ്യായിരത്തോളം റിയാലുകള്‍ പുള്ളി അവര്‍ക്ക്‌ അയച്ചു കൊടുത്തു.

ഇപ്പോള്‍ അവസാന സന്ദേശം ലഭിച്ചിരിക്കുന്നു. 1050 റിയാല്‍ അയച്ചു കൊടുക്കാന്‍. അതിനു ശേഷം ശനിയാഴ്ച സൗദി  ടെലികോമിന്‍റെ ഓഫീസില്‍ എത്തി പൈസ മേടിക്കാം എന്ന് അവര്‍ അറിയിച്ചിരിക്കുന്നു. അത് നാളെ അയച്ചാല്‍ താന്‍ കോടീശ്വരന്‍ ആകും എന്ന ഉറച്ച വിശ്വാസത്തിലാണ് അയാള്‍. അത് ലഭിച്ചതിനു ശേഷം നാട്ടില്‍ പോകാന്‍ പാസ്പോര്‍ട്ടും റീ എന്‍ട്രി വിസയും മേടിക്കനാണ് അയാള്‍ വന്നിരിക്കുന്നത്. വീട്ടില്‍ വിളിച്ചു എല്ലാവര്ക്കും മേടിച്ചു കൊണ്ടുപോകാനുള്ള സാധനങ്ങളെ കുറിച്ചൊക്കെ അയാള്‍ സംസാരിക്കുന്നു. 

എന്നാല്‍ ഇത് വെറും തട്ടിപ്പാണ് എന്നും, ചതിയാല്‍ നിങ്ങളുടെ കയ്യിലുള്ള പൈസ വെട്ടിക്കുകയാണ് അവര്‍ എന്നും അവിടെ ഉണ്ടായിരുന്നവര്‍ അയാളോട് പറഞ്ഞു കൊടുത്തു. ഒടുവില്‍ എല്ലാവരും കൂടി പുള്ളിയെ കൊണ്ട് പൈസ അടക്കില്ല എന്നും സമ്മതിപ്പിക്കുന്നു. എന്നാല്‍ അയാള്‍ വീണ്ടും പണം അടച്ചു കൊടുക്കും എന്ന് ഉറപ്പാണ്. എന്നിട്ട് വീട്ടില്‍ പോകാനുള്ള തയാറെടുപ്പുകള്‍ നടത്തും. കാരണം അയാള്‍ ആ ചതിയില്‍ അത്ര മാത്രം വിശ്വസിച്ചിരിക്കുന്നു.

വര്‍ഷങ്ങളോളം താന്‍ അധ്വാനിച്ച പണം മറ്റൊരുവന്‍ തന്നെ കബളിപ്പിച്ചു കൈകലാക്കി എന്ന സത്യം അയാള്‍ ടെലികോം ഓഫീസില്‍ എത്തുമ്പോഴ മനസില്ലാക്കൂ. ആരൊക്കെ പറഞ്ഞിട്ടും അത് വിശ്വസികാതെ തനിക്ക് ലഭിക്കാന്‍ പോക്കുന്ന സൌഭാഗ്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്ന അയാള്‍ താന്‍ കബളിപ്പിക്കപെട്ടു എന്ന സത്യം മനസിലാക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കും. അയാളെ വീണ്ടും ഞാന്‍ കാണുകയാണെങ്കില്‍ എന്തായിരിക്കും അയാളുടെ അവസ്ഥ എന്നൊക്കെ ആലോചിച്ചപ്പോള്‍ മനസ്സില്‍ എവിടയെ ഒരു സങ്കടം. അയാളും എന്നെ പോലെ നാട് സ്വപ്നം കണ്ടു  കൊണ്ടായിരിക്കും കിടന്നുറങ്ങുന്നത്. എന്നാല്‍ എന്‍റെ മനസ്സില്‍ ഇപ്പോള്‍ നാടിനെ കുറിച്ചുള്ള ചിന്ത ഇല്ല. മനസ്സ് മുഴുവന്‍ അയാളാണ്, ടെലികോം ഓഫീസില്‍ എത്തി സത്യം തിരിച്ചറിയുന്ന അയാളുടെ പ്രതീക്ഷകള്‍ അസ്തമിച്ച ആ മുഖം. അത് മാത്രമാണ് ഇപ്പോള്‍ എന്‍റെ മനസ്സില്‍ ഉള്ളത്.